Society Today
Breaking News

കൊച്ചി:  മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ  പിഴവു കൂടാതെ എഴുതുന്നതിനും ഉന്നത വിജയം നേടുന്നതിനുമായി വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും(ഐ.എം.എ) ഐ.എം.എ മെഡിക്കല്‍ വിദ്യാര്‍ഥി വിഭാഗമായ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് നെറ്റ് വര്‍ക്കും(എം.എസ്.എന്‍) ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ' അണ്ടര്‍ ഗ്രാജുവേറ്റ് മോഡല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് കോഗ്‌നോസ്‌കോ 'പരിശീലന പരിപാടിയുടെ ആദ്യ ക്യാമ്പും മോഡല്‍ എന്‍ട്രന്‍സ് പരീക്ഷയും എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ നടന്നു. എം.എസ്.എന്‍ കോഓര്‍ഡിനേറ്റര്‍ ഡോ.ഗീതാ നായര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.എസ്.എന്‍ സംസ്ഥാന കണ്‍വീനര്‍ റാബിയ സിദ്ദീഖ്, കോകണ്‍വീനര്‍ അതുല്‍.എസ്.കുമാര്‍, ഇവന്റ് കമ്മിറ്റി കണ്‍വീനര്‍ വിശ്വനാഥ് കണ്ണന്‍, എം.എസ്.എന്‍ സംസ്ഥാന കൗണ്‍സിലംഗം ജീവന്‍ ജേക്കബ്ബ് തുടങ്ങിയവര്‍ സംസാരിച്ചു. പരീക്ഷ സമയത്തുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളെ എങ്ങനെ അതീജീവിക്കാം എന്നത് സംബന്ധിച്ച് എറണാകുളം ഗവ.മെഡിക്കല്‍ കോളജിലെ സൈക്യാട്രിസ്റ്റ് ഡോ.ജിനു മൊയ്തീന്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുത്തു. 

കഴിഞ്ഞ തവണത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കോടെ വിജയം നേടിയ നീവ് മറിയം റോബര്‍ട്ട്, റെനി ആന്റോ സെബാസ്റ്റിയന്‍, എം.ആദിത്യദേവ് എന്നിവര്‍ പരീക്ഷയില്‍ സമയം ലാഭിക്കാനുള്ള പൊടിക്കൈകള്‍, സാധാരണ വരാറുള്ള പിഴവുകള്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച്  വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാര്‍ഥികളുമായി സംസാരിച്ച് തങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കാനും ക്യാമ്പില്‍ അവസരം നല്‍കി. ഏപ്രില്‍ 16 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണ് അടുത്ത പരിശീലന ക്യാമ്പും മോഡല്‍ പരീക്ഷയും നടത്തുന്നത്.

കൊവിഡിനു മുമ്പ് സമാന രീതിയില്‍ പരിശീല ക്യാമ്പുകള്‍ നടത്തിയിരുന്നു.കൊവിഡിനു ശേഷം ഇതാദ്യമായിട്ടാണ് ഇത്തരത്തില്‍ വീണ്ടും പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.വരും വര്‍ഷങ്ങളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് എസ്.എന്‍ കോഓര്‍ഡിനേറ്റര്‍ ഡോ.ഗീതാ നായര്‍,എം.എസ്.എന്‍ സംസ്ഥാന കണ്‍വീനര്‍ റാബിയ സിദ്ദീഖ്,കോകണ്‍വീനര്‍ അതുല്‍.എസ്.കുമാര്‍ എന്നിവര്‍ പറഞ്ഞു.പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ എം.എസ്.എന്‍ സംസ്ഥാന കോകണ്‍വീനര്‍ അതുല്‍.എസ്.കുമാര്‍9847823893 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുകയോ  http://cognosco.vercel.app സന്ദര്‍ശിക്കുകയോ ചെയ്യണമെന്നും ഇവര്‍ അറിയിച്ചു.


 

Top